ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിന് എത്തുകയാണ്. സെമി ഉറപ്പിക്കാനാണ് ഇന്ത്യയെത്തുന്നതെങ്കില്‍ സെമി സാധ്യത നിലനിര്‍ത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതിനാല്‍ ഇംഗ്ലണ്ടിന് ഇന്നത്തെ വിജയം അനിവാര്യമാണ്. ലോകകപ്പില്‍ ഇതുവരെയും തോല്‍വി വഴങ്ങാതെ മുന്നേറുകയാണ് ടീം ഇന്ത്യ. ടീമിന്‍റെ മധ്യനിരയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നായകന്‍ വിരാട് കോലി ടീമില്‍ വലിയ വിശ്വാസമാണ് നല്‍കുന്നത്. 

ലോക ഒന്നാം നമ്പര്‍ താരമെന്ന നിലയിലുള്ള പ്രകടനങ്ങള്‍ ലോകകപ്പില്‍ ഇതുവരെയും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നായകനെന്ന നിലയില്‍ നല്ല പ്രകടനമാണ് കോലി കാഴ്ച വെച്ചത്. അതാണ് പരാജയമറിയാതെ ടീമിനെ ഇതുവരെയും എത്തിയതും. ഇംഗ്ലണ്ടിനെതിരായ ഇന്നത്തെ മത്സരത്തെക്കുറിച്ചും നായകനെന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിരാട് കോലി നല്‍കിയ ഉത്തരം ഇതായിരുന്നു. 

"സമ്മര്‍ദ്ദമില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായിരിക്കും, എന്നാല്‍ പലപ്പോഴും ഞാന്‍ അത് പുറത്തു പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. സമ്മര്‍ദ്ദം എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്നും പുറത്തുകടക്കാന്‍ എല്ലാവരും ശ്രമിക്കുന്നു. രാജ്യത്തിന് വേണ്ടി നല്ല പ്രകടനം പുറത്തെടുക്കാന്‍ സമ്മര്‍ദ്ദം സഹായിക്കുന്നുമുണ്ട് ". കോലി വ്യക്തമാക്കുന്നു.