ലണ്ടന്‍: കാത്തിരിപ്പുകള്‍ക്ക് അവസാനമായി. ഋഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍. ലോകകപ്പില്‍ ഇന്നു നടക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യ മത്സരത്തിന് താരം ഇറങ്ങും.പന്തിനെ 11 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. വിധിയെ പലകുറി തിരുത്തിയുള്ള വരവാണ് പന്തിന്‍റേത്. ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം പിന്നീട്  ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടു. വെറും ഭാഗ്യം എന്ന് മാത്രം പറഞ്ഞ് നേട്ടത്തെ കുറച്ച് കാണരുത്. ലോകവേദിയിൽ രാജ്യത്തിനായി പോരാടുന്നത് സ്വപ്നം കാണുകയും അതിനായി നിരന്തരം ശ്രമിക്കുകയും ചെയ്തതിന് കാലം കരുതിവച്ച പ്രതിഫലമാണിത്. 

'ടീമിൽ ഇല്ലെന്നറിഞ്ഞപ്പോൾ വിഷമമല്ല തോന്നിയത്. പ്രകടനം എങ്ങനെ മെച്ചപ്പെടുത്തണമെന്ന് ചിന്തിച്ചു. അതിന് വേണ്ടി ശ്രമിച്ചു'. അതാണ് തനിക്ക് ഗുണം ചെയ്തെന്ന് ഋഷഭ് പന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ വിജയ് ശങ്കറിനായി പന്തിനെ തഴഞ്ഞ തീരുമാനം ഞെട്ടിച്ചെന്ന് റിക്കി പോണ്ടിങ് അടക്കമുള്ള പ്രമുഖര്‍ തുറന്ന് പറഞ്ഞിരുന്നു.പിന്നീട് ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് താരം ഇംഗ്ലണ്ടിലേക്ക് പറന്നത്.

എന്നാല്‍ കളിക്കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ന് താരം കളത്തിലിറങ്ങുകയാണ്. വെടിക്കെട്ട് ബാറ്റിംഗാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.