ലണ്ടന്‍: മഴമൂലം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഇന്ന് പുനരാരംഭിക്കും. കിവീസ് 46.1 ഓവറില്‍  5 വിക്കറ്റിന് 211 റൺസ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്സ് പുനരാരംഭിക്കുക. അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം.

മഴ മേഘങ്ങള്‍ മൂടിക്കെട്ടിയ നിലയിലാണ് മാഞ്ചസ്റ്ററില്‍ അന്തരീക്ഷം. കനത്ത മഴക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സരത്തിന്‍റെ ബാക്കി റിസർവ് ദിനമായ ഇന്ന് പൂർത്തിയാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. 

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് കീവീസ് 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 റൺസിലെത്തിയപ്പോഴാണ് മഴ രസം കൊല്ലിയായത്. ന്യൂസിലൻഡ് ഇന്നിംഗ്സിൽ ഇനി 23 പന്തുകൾ ബാക്കിയുണ്ട്. അത് ഇന്ന് പൂർത്തിയാക്കും. 
കളി തടസ്സപ്പെടുമ്പോള്‍ 67 റൺസുമായി റോസ് ടെയ്‍ലറും, മൂന്ന് റൺസുമായി ടോം ലാഥവുമായിരുന്നു ക്രീസിൽ. ഇരുവരും ഇന്ന് ബാറ്റിംഗ് തുടരും.