ഇതിനു മുമ്പ് എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗാംഗുലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ തന്‍റെ ആദ്യ വിജയം സ്വന്തമാക്കാനിറങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ രണ്ട് കളിയിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ വലിയ വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍. ഇന്ന് വിജയിച്ചാല്‍ ക്യാപ്റ്റെന്ന നിലയില്‍ ഒരു നാഴികക്കല്ലാണ് വിരാട് കോലി പിന്നിടുക.

ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിയുടെ നേതൃത്വത്തില്‍ ടീം സ്വന്തമാക്കുന്ന അമ്പതാമത്തെ വിജയമാവും അത്. ഇതിനു മുമ്പ് എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗാംഗുലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് ധോണിയാണ്. 110 വിജയങ്ങളാണ് താരത്തിന്‍റെ പേരിലുള്ളത്. അസ്ഹറുദ്ദീന്‍ 90 വിജയങ്ങളും ഗാംഗുലി 76 വിജയങ്ങളും നേടിയിട്ടുണ്ട്. 

പക്ഷേ വിജയശതമാനത്തില്‍ കോലിയാണ് മുന്നില്‍ 73.88 ശതമാനം വിജയമാണ് കോലിയുടെ നേതൃത്തില്‍ ടീം സ്വന്തമാക്കിയത്. ഏതായാലും കോലി ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ 50 മത്തെ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.