Asianet News MalayalamAsianet News Malayalam

ഇന്ന് മിന്നിയാല്‍ രോഹിത്തിനെ കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍

ഇന്നത്തെ മത്സരത്തില്‍ മൂന്ന് ലോകകപ്പ് റെക്കോര്‍ഡുകള്‍ കൂടി രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നുണ്ട്.

World cup 2019: India vs Sri Lanka rohit sharma can break three world cup records
Author
London, First Published Jul 6, 2019, 9:16 AM IST

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടുകയാണ്. ഈ ലോകകപ്പില്‍ ഇതുവരെ 4 സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയിലാണ് ഇന്ത്യ ഇന്നും പ്രതീക്ഷ വയ്ക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ മൂന്ന് ലോകകപ്പ് റെക്കോര്‍ഡുകള്‍ കൂടി രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നുണ്ട്.

ഇന്ന് സെഞ്ചുറിയടിച്ച് ഒരു ലോകകപ്പിലെ കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ മാത്രമാക്കുകയാണ് രോഹിത് ശര്‍മ്മയുടെ ആദ്യ ലക്ഷ്യം. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക,പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടിയിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാര്‍ സംഗക്കാരക്കൊപ്പം ഈ റെക്കോര്‍ഡ് നിലവില്‍ പങ്കുവെക്കുകയാണ് രോഹിത്ത്. 2015 ലെ ലോകകപ്പിലായിരുന്നു സംഗക്കാര 4 സെഞ്ചുറികള്‍ നേടിയത്.

2015ലേയും 19ലേയും കൂട്ടിയാല്‍ ലോകകപ്പുകളില്‍ രോഹിത് ശര്‍മ്മയുടെ ആകെ സെഞ്ചുറികളുടെ എണ്ണം അഞ്ചാണ്. ഇന്ന് ഒരെണ്ണം കൂടി നേടിയാല്‍ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പം രോഹിത്തെത്തും. ആറ് സെഞ്ചുറികളാണ് സച്ചിനുള്ളത്.

ഈ ലോകകപ്പില്‍ ഇതുവരെ രോഹിത് ശര്‍മ്മ നേടിയത് 544 റണ്‍സ്. 130 റണ്‍സ് കൂടി നേടിയാല്‍ മറ്റൊരു നേട്ടം കൂടി രോഹിത്തിന് സ്വന്തമാകും. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ്. 2003ല്‍ സച്ചിൻ നേടിയ 673 റണ്‍സാകും രോഹിത്ത് മറികടക്കുക.

Follow Us:
Download App:
  • android
  • ios