ലണ്ടന്‍: ലോകകപ്പില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസിനെ നേരിടുകയാണ്. മാഞ്ചസ്റ്ററില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ വിജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. പരാജയമറിയാതെയാണ് മത്സരത്തിന് എത്തുന്നതെന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 

നാളെ 37 റണ്‍സ് സ്വന്തമാക്കിയാല്‍ 20,000 റണ്‍സ് ക്ലബിലേക്ക് കോലിയുമെത്തും. നിലവില്‍ 20,000 ത്തില്‍ നിന്നും 37 റണ്‍സ് അകലെയാണ് കോലി.  നാളെ ഈ നേട്ടം സ്വന്തമാക്കിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന 12-ാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമായി ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലി മാറും.

നിലവില്‍ ഏകദിനങ്ങളില്‍ നിന്നും 11,087 റണ്‍സും ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 6613 റണ്‍സും ടി 20 യില്‍ നിന്നും 2263 റണ്‍സുമാണ് കോലിയുടെ നേട്ടം. 131 ടെസ്റ്റുകളും  223 ഏകദിനങ്ങളും 62 ട്വന്‍റി-20യും കളിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. നാളെ നടക്കുന്ന മത്സരത്തില്‍ നിന്നും താരം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.