ലണ്ടന്‍: ലോകകപ്പ് മത്സരങ്ങള്‍ക്കിടെ പരിക്കേറ്റ് ശിഖര്‍ ധവാന്‍ പിന്മാറിയതോടെ  ഇന്ത്യക്കായി നാലാം നമ്പറില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പം ശക്തമാവുകയാണ്. രാഹുല്‍ ഓപ്പണിംഗില്‍ പരാജയപ്പെട്ടാൽ പകരമാരെന്നതിലും വ്യക്തതയില്ല. ഇംഗ്ലണ്ടിലെ സന്നാഹമത്സരങ്ങളില്‍ തിളങ്ങിയ കെ എൽ രാഹുലാണ് ലോകകപ്പില്‍ നാലാം നമ്പറില്‍ ആദ്യം എത്തിയത്.

ശിഖര്‍ ധവന് പരിക്കേറ്റതോടെ രാഹുലിന് ഓപ്പണറായി സ്ഥാനക്കയറ്റം നൽകി. ടീമിൽ മറ്റ് ഓപ്പണര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഹിത്-രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് നിലവില്‍ ഭദ്രമാണ്. പാകിസ്ഥാനെതിരെ രാഹുല്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും, വരും മത്സരങ്ങളില്‍ പരാജയപ്പെട്ടാൽ ആര് പകരക്കാരനാകുമെന്ന് ഉറപ്പില്ല. 

സമീപകാലത്തൊന്നും രാജ്യത്തിനായി ഓപ്പണ്‍ ചെയ്തിട്ടില്ലാത്ത ദിനേശ് കാര്‍ത്തിക്കിനെയോ റിഷഭ് പന്തിനെയോ ആശ്രയിക്കേണ്ടിവരും. ഇതേ ആശയക്കുഴപ്പം നാലാം നമ്പറിലും ഉണ്ട്. വിജയ് ശങ്കറുടെ ബൗളിംഗ് കണക്കിലെടുത്ത് പാകിസ്ഥാനെതിരെ അവസരം നൽകിയെങ്കിലും ബാറ്റിംഗിലെ മെല്ലെപ്പോക്ക് ബാധ്യതയാണ്. ടീം തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതെല്ലാം വിഴുങ്ങി റിഷഭ് പന്തിന് അവസരം നൽകിയാൽ പരിചയക്കുറവ് പ്രശ്നമായേക്കും. ധവാന്‍ പിന്മാറിയതോടെ മുന്‍നിരബാറ്റ്സ്മാന്മാരിലെ ഏക ഇടംകൈയ്യന്‍ പന്താണ്. മികച്ച ബൗളിംഗ് നിരയുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഈ ഘടകവും ടീം മാനേജ്മെന്‍റ് പരിഗണിച്ചേക്കും