ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും തോൽക്കാൻ മനസില്ലാതെ ബാറ്റു വീശിയ രവീന്ദ്ര ജഡേജ ഇന്ത്യൻ ആരാധകരുടെ മനം കവരുന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിനിടെ ഇടയ്ക്കെങ്കിലുംഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയത് ജഡേജയുടെ പോരാട്ടമായിരുന്നു.

മാഞ്ചസ്റ്ററിലെ വിക്കറ്റില്‍ വമ്പൻമാർ വീണപ്പോൾ എട്ടാമനായാണ് ജഡേജ ക്രീസിലെത്തിയത്. പരാജയഭാരം കുറയ്ക്കുക എന്നതിനപ്പുറത്തേക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായാണ് താരം ബാറ്റ് വീശിയത്. ചിറകറ്റുപോയ ഫൈനൽ മോഹങ്ങൾ തിരികെ പിടിക്കാനുള്ള ജഡേജയുടെ പോരാട്ടം ഗാലറികൾക്ക് ജീവൻ പകർന്നു.

നാല് ഫോറും നാലു സിക്സും സഹിതം ഇന്ത്യയുടെ തലയുയ‍ത്തിയ അസാമാന്യ ഇന്നിംഗ്സായിരുന്നു അത്. ലോകകപ്പ് നോക്കൗട്ടിൽ എട്ടാമനായി ഇറങ്ങിയ ഒരു ഇന്ത്യൻ താരത്തിന്‍റെ ഉയ‍ർന്ന സ്കോർ. 56 പന്തിൽ നിന്നും 77 റണ്‍സടിച്ച് സെമിയിലുടനീളം ജഡേജ  നിറഞ്ഞു നിന്നു. വിക്കറ്റെടുത്തും റണ്ണൊഴുക്ക് തടഞ്ഞും റണ്ണടിച്ചും മഞ്ചരേക്കർ അടക്കമുള്ള വിമർശകർക്ക്  ജഡേജ മറുപടി നല്‍കി. നിര്‍ണായക ഘട്ടത്തില്‍ നാൽപത്തിയെട്ടാമത്തെ ഓവറില്‍ ബോൾട്ടിന്‍റെ പന്തിലാണ് ജഡേജ മടങ്ങിയത്.