ലണ്ടന്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് മൂന്നാം വിജയമാഘോഷിച്ചപ്പോള്‍ റോസ്ബൗള്‍ ഗ്രൗണ്ടില്‍ കളിയുടെ എല്ലാ മേഖലയിലും തിളങ്ങിയത് ജോ റൂട്ടാണ്. കരീബിയന്‍ പടയെ 8 വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ട് തകര്‍ത്തിട്ടത്. ബാറ്റും ബോളും കൊണ്ട് തകര്‍ത്തടുക്കിയ ജോറൂട്ട് ഫീല്‍ഡിംഗിലും തിളങ്ങി. പരിക്കേറ്റ ജേസണ്‍ റോയിക്ക് പകരക്കാരനായാണ് ജോ റൂട്ട് ഓപ്പണറുടെ റോളില്‍ ഇറങ്ങിയത്.

കണക്കുകൂട്ടലുകള്‍ തെറ്റിയില്ല, ജോ റൂട്ട് തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലീഷ് പട കുതിച്ചുയര്‍ന്നു. 94 പന്തില്‍ നിന്നും 11 ബൗണ്ടറികളുമായി സെഞ്ചുറി നേടിയ റൂട്ട് അപരാജിതനായാണ് കളം വിട്ടത്.  ബൗളിംഗിലും താരം മിന്നിത്തിളങ്ങി. അഞ്ച് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ടു നിര്‍ണായക വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഒപ്പം രണ്ടു ക്യാച്ചും. റൂട്ടിന്റെ 16ാം ഏകദിന സെഞ്ചുറിയാണ് സതാംപ്ടണില്‍ പിറന്നത്. ഈ ലോകകപ്പിലെ തന്‍റെ രണ്ടാം സെഞ്ചുറി കൂടിയാണ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് നായകന്‍ സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെയും റൂട്ട് മൂന്നക്കം കടന്നിരുന്നു. 

ഇംഗ്ലീഷ് നിരയിലെ ഏറ്റവും വിശ്വസ്തരായ ബാറ്റ്‌സ്മാന്മാരിലൊരാളാണ് ജോറൂട്ട്. 2012ല്‍ ഇന്ത്യക്കെതിരെ നാഗ്പൂരില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിലൂടെയാണ് റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഈ ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ നിന്നു 279 റണ്‍സ് നേടിയ ജോ റൂട്ട് നിലവില്‍ റണ്‍വേട്ടയില്‍ ഒന്നാമതാണ്. വിന്‍ഡീസിനെതിരായ വമ്പന്‍ വിജയത്തോടെ പോയന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് രണ്ടാമതെത്തി.