ലണ്ടന്‍: ഇന്ത്യ-പാക് മത്സരത്തില്‍ മിന്നുന്ന വിജയമാണ് ഇന്ത്യ നേടിയെടുത്തത്. ബൗളിംഗ് നിരയില്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. ലോകകപ്പില്‍ ആദ്യമായി മികച്ച ഫോമിലേക്ക് ഉയര്‍ന്ന കുല്‍ദീപ് സ്പിന്നിംഗ് നിരയില്‍ ഇന്ത്യക്കായി തിളങ്ങി.

രണ്ടാം വിക്കറ്റില്‍ മികച്ച ഫോമിലേക്ക് ഉയരുമായിരുന്ന പാക്ക് നിരയെ പിടിച്ചു കെട്ടിയത് കുല്‍ദീപാണ്. ലോകകപ്പിലെ തന്‍റെ മികച്ച ബോളിനെക്കുറിച്ച് പറയുകയാണ് കുല്‍ദീപ്. ബാബര്‍ അസമിനെ പുറത്താക്കിയ പന്താണ് ഈ ലോകകപ്പിലെ തന്‍റെ ഏറ്റവും മികച്ച പന്തായി താരം തെരഞ്ഞെടുത്തത്. 24-ാമത്തെ ഓവറിലെ അവസാന പന്തിലാണ് താരം പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ മടക്കിയത്. അടുത്ത ഓവറില്‍ ഫഖര്‍ സമാനെയും കുല്‍ദീപ് എറിഞ്ഞിട്ടു. രണ്ടും പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായി.