ലണ്ടന്‍: ലോകകപ്പില്‍ ഇന്നലെ നടന്ന ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരത്തില്‍ ലങ്കയെ അപ്രതീക്ഷിത ജയത്തിലേക്ക് നയിച്ചത് ലസിത് മലിംഗയുടെ ബൗളിംഗ് മികവായിരുന്നു. ഇംഗ്ലണ്ടിന്‍റ മുൻനിരയെ തകർത്ത മലിംഗയാണ് കളിയിലെ കേമൻ. അനായാസ ജയം പ്രതീക്ഷിച്ചെത്തിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ലസിത് മലിംഗ ആഘാതമേൽപിച്ചു.റണ്ണെടുക്കും മുൻപ് ബെയ്ർസ്റ്റോ വീണു. ജയിംസ് വിൻസിനും അധികം ആയുസുണ്ടായില്ല. 

മുപ്പതോവർ പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റിന് 126. ഏഴ് വിക്കറ്റ് ബാക്കിയുള്ള ഇംഗ്ലണ്ടിന്‍റെ കൈയിൽ തന്നെയായിരുന്നു കളി. റൂട്ടും സ്റ്റോക്സും ക്രീസിൽ. ലങ്കൻ ക്യാപ്റ്റൻ രക്ഷയ്ക്കായി വീണ്ടും മലിംഗയെ വിളിച്ചു. റൂട്ടിന്‍റെ വേരറുത്ത മലിംഗ അപകടകാരിയായ ജോസ് ബട്‍ലറിനെയും വീഴ്ത്തി. നാൽപ്പത്തിയഞ്ചാം ഓവറിൽ മെൻഡിസ് സ്റ്റോക്സിനെ കൈയിലൊതുക്കിയിരുന്നെങ്കിൽ ഇംഗ്ലണ്ട് മുട്ടുമടക്കിയേനേ.

പത്തോവറിൽ 43 റൺസിന് നാല് പ്രധാന വിക്കറ്റ് വീഴ്ത്തിയ മലിംഗയാണ് മാൻ ഓഫ് ദ മാച്ച്. ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറും രണ്ടാമത്തെ ശ്രീലങ്കൻ താരവുമായി മലിംഗ. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ലങ്കൻ താരം. 71 വിക്കറ്റുള്ള ഗ്ലെൻ മഗ്രായും 55 വിക്കറ്റുള്ള വസീം അക്രവുമാണ് മറ്റുതാരങ്ങൾ.