ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്.
ലണ്ടന്‍: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് രണ്ടാം മത്സരം. താരതമ്യേനെ ദുര്‍ബലരും എന്നാല്‍ അട്ടിമറി സാധ്യത കല്‍പ്പിക്കപ്പെടുന്നവരുമായ ബംഗ്ലാദേശാണ് എതിരാളികൾ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്.
ആദ്യമത്സരത്തില്‍ ഇംഗ്ലീഷ് നിരയില്‍ ബെന്‍സ്റ്റോക്സ് നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സിന് പിന്‍ഗാമിയെ കണ്ടെത്താന്‍ സാധിക്കാത്തതും ടീമിനെ വലയ്ക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോട് പരാജയമേറ്റു വാങ്ങിയാല്‍ വലിയ തിരിച്ചടിയാവും ടീമിനത്.
ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ ആദ്യ മത്സരമാണ് ഇന്നത്തേത്. കരുത്തന്മാരോട് ഒരു അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് മഷ്റഫെയും കൂട്ടരും ഇന്നിറങ്ങുന്നത്. ലോകകപ്പില്‍ ഇരു ടീമുകളും മുമ്പ് മൂന്നു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ രണ്ടു തവണ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയപ്പോള്‍ ഒരു തവണ ജയം ബംഗ്ലാദേശിനായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത മത്സരം കരുത്തരായ ഇന്ത്യയ്ക്കെതിരെയാണ്. കോലിപ്പടയ്ക്കെതിരെ പോരാടി വിജയിക്കുകയെന്നത് ഡുപ്ലസിയുടെ സംഘത്തിന് ഏറെ പ്രയാസകമായിരിക്കുമെന്നുറപ്പാണ്. അതിനാല്‍ ഇന്നത്തെ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് കൂടിയേ തീരു.
