ലണ്ടന്‍: ആദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്നനേട്ടത്തിന് ഒറ്റജയം അകലെയാണ് ന്യൂസിലൻഡ്. സെമിയിൽ വമ്പന്‍മാരായ ഇന്ത്യയെ തോൽപ്പിച്ചത് കെയ്ൻ വില്യംസിന്‍റെയും സംഘത്തിന്‍റെയും ആത്മവിശ്വാസം കൂട്ടുന്നു. ടീം ഇന്ത്യയുടെ അടിതെറ്റിച്ച ന്യൂസിലൻഡ് ചരിത്രനേട്ടത്തിന് തൊട്ടരികിലാണ്. വിശ്വവിജയികളുടെ സിംഹാസനമാണ് ഒറ്റ ജയത്തിനപ്പുറം കിവികളെ കാത്തിരിക്കുന്നത്. 

എട്ടുതവണയാണ് ലോകകപ്പിലെ സെമിഫൈനലില്‍ കിവികള്‍ എത്തിയത്. 1975,'79,'92,'99 2007,2011  ലോകകപ്പുകളിൽ കിവീസ് സെമിയില്‍ എത്തിയിരുന്നു. പക്ഷേ 2015 ലായിരുന്നു സെമിഫൈനൽ ടീമെന്ന ചീത്തപ്പേര് കിവീസ് ആദ്യം കുടഞ്ഞെറിഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാടകീയജയം അവ‍ർക്ക് ഫൈനലിലേക്കുള്ള പുതിയ വഴി തുറന്നു. പക്ഷേ, ആദ്യ ഫൈനലിൽ ഓസീസ് കിവികളെ ചവിട്ടിയരച്ചു.

പ്രതീക്ഷകളുടെ അമിതഭാരമില്ലാത്ത ന്യൂസിലൻഡ് ഇത്തവണയും ഇന്ത്യയടക്കമുള്ള എതിരാളികളെ പാഠം പഠിപ്പിച്ച് മുന്നേറുകയാണ്. കെയ്ൻ വില്യംസിനെയും ട്രെന്‍റ് ബോൾട്ടിനെയും മാറ്റി നിർത്തിയാൽ ശരാശരിക്കാരുടെ സംഘമാണ് കിവീസ്. എതിരാളികളുടെ കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞാണ് അവരുടെ ഓരോ നീക്കവും. ഈ തന്ത്രം കിവികള്‍ക്ക് ഫൈനലിലും ആവ‍ർത്തിക്കാനായാല്‍ പുതിയൊരു ചരിത്രമാകും പിറക്കുക.