ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരേ പാക്കിസ്ഥാന്‍ നേടിയത് വല്ലാത്തൊരു വിജയമായിരുന്നു. തോല്‍വിയില്‍ നിന്നും അവരെ രക്ഷിച്ചതൊരു സിക്‌സറായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതും ഒമ്പതാമതായിറങ്ങിയ വഹാബ് റിയാസും. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാന് 12 പന്തില്‍ വേണ്ടിയിരുന്നത് 16 റണ്‍സ് എന്ന നില. ഗ്യാലറിയില്‍ ആരാധകര്‍ പോലും പരാജയത്തിന്റെ കയ്പു മണത്തു. തോല്‍ക്കുന്നത്, അഫ്ഗാനിസ്ഥാനോടെന്നത് അവര്‍ക്ക് ഓര്‍ക്കാനേ വയ്യായിരുന്നു. 

48-ാം ഓവറില്‍ അഫ്ഗാന്റെ സൂപ്പര്‍ ബൗളര്‍ റാഷിദ് ഖാന്‍ എറിയുന്നു. നേരിടുന്നത് വഹാബ് റിയാസ്. ആദ്യ പന്ത് ലെഗ് ബ്രേക്ക്, വഹാബിനെ കബളിപ്പിച്ചു കൊണ്ട് കീപ്പറുടെ കൈകളില്‍. രണ്ടാം പന്ത്, ഒരു ഗൂഗ്ലിയായിരുന്നു. രണ്ടും കല്‍പ്പിച്ച് ബാറ്റ് വീശിയ വഹാബിനെ പോലും അതിശയിപ്പിച്ചു കൊണ്ട് പന്ത് ഗ്യാലറിയില്‍. മത്സരത്തില്‍ പാക്കിസ്ഥാന്റെ ആദ്യ സിക്‌സര്‍. ആ സിക്‌സ് തന്നെ മത്സരത്തിന്റെ ഗതിയും മാറ്റി മറിച്ചു. ഒടുവില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ മൂന്നു വിക്കറ്റിന്റെ വിജയം. 

ലോകകപ്പില്‍ ശ്വാസം ലഭിച്ചതിനു പുറമേ, ഈ തോല്‍വിയുമായി നാട്ടിലേക്ക് വിമാനമിറങ്ങുന്നതിനെക്കുറിച്ച് സര്‍ഫ്രാസ് ഖാനും കൂട്ടര്‍ക്കും ആലോചിക്കാനേ വയ്യായിരുന്നു. ഇമാദ് വാസിമാണ് (49) കളിയിലെ താരമെങ്കിലും റാഷിദ് ഖാനെതിരേ വഹാബ് റിയാസ് നേടിയ ആ സിക്‌സര്‍ ഇല്ലായിരുന്നുവെങ്കില്‍ കളി മറ്റൊന്നായേനെ. റാഷിദ് ഖാനെ നേരിടുന്നതായിരുന്നു മത്സരത്തിലെ ഏറ്റവും പ്രയാസമേറിയതെന്നു മത്സരശേഷം ഇമാദ് പറയുകയും ചെയ്തു. ഈ റാഷിദിനെതിരേയാണ് വഹാബ് സിക്‌സര്‍ നേടിയെന്നതും ശ്രദ്ധേയം. 

ടൂര്‍ണമെന്റിലെ 36 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ജയത്തോടെ പാക്കിസ്ഥാന്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതു പോയിന്റുമായി നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഈ സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതേസമയം, പാക്കിസ്ഥാന്‍ എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, ഇംഗ്ലണ്ട് ഏഴും. ബംഗ്ലാദേശുമായി ജൂലൈ 5-നാണ് പാക്കിസ്ഥാന്റെ അവസാന ലീഗ് മത്സരം.