ലണ്ടന്‍: ബാബര്‍ അസമിന്‍റെ സെഞ്ചുറിക്കരുത്തിലാണ് പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന താരം റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റൺസ് തികയ്ക്കുന്ന ഏഷ്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. 

പ്രതിഭയല്ല, പ്രതിഭാസമാണ് ബാബര്‍ അസം എന്ന ഇരുപത്തിനാലുകാരന്‍. കണ്ണെടുക്കാന്‍ തോന്നാത്ത വിധം കമനീയമായ ഷോട്ടുകളുടെ കലവറ. ലോകകപ്പിലെ എല്ലാ മത്സരത്തിലും മികച്ച തുടക്കം കിട്ടിയെങ്കിലും വലിയൊരു ഇന്നിംഗ്സിനായുള്ള കാത്തിരിപ്പിലായിരുന്നു ബാബറും പാകിസ്ഥാനും. ഒടുവില്‍ ബാറ്റിംഗ് ദുഷ്കരമായ ബര്‍മിങ്ഹാമിലെ പിച്ച് ബാബറിന് ക്ലാസ്സ് തെളിയിക്കാനുള്ള അരങ്ങായി. 

68 ഇന്നിംഗ്സിൽ നിന്നാണ് താരം 3000 റൺസ് ക്ലബ്ബിൽ എത്തിയത്. ഈ നേട്ടത്തിലേക്ക് ഇതിലും വേഗമെത്തിയത് 11 ഇന്നിംഗ്സ് കുറച്ചെടുത്ത ഹഷിം അംല മാത്രം. 69 ഇന്നിംഗ്സില്‍ 3000 തികച്ച വിവ് റിച്ചാര്‍ഡ്സിനെയും മറികടന്നുള്ള മുന്നേറ്റമാണ് ബാബര്‍ അസമിന്‍റേത്.