ലണ്ടന്‍: ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പുകഴ്ത്തി കോച്ച് രവി ശാസ്ത്രി. രോഹിത് മികച്ച താരമാണെന്നും അദ്ദേഹത്തിന്‍റെ പ്രകടനത്തില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. 

'ഏകദിനത്തില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഏറ്റവും മികച്ച കളിക്കാരനായിരിക്കണം. രോഹിത് ഏകദിനത്തിലെ മികച്ച താരമാണ്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയ താരം. സ്ഥിരതയുള്ള പ്രകടനം'. അദ്ദേഹത്തിന്‍റെ ഫോമില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പില്‍ മിന്നും ഫോമിലാണ് രോഹിത് ശര്‍മ്മ. ഈ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് ഹിറ്റ്‌മാന്‍ ഇതിനോടകം അടിച്ചെടുത്തത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന(ആറ് എണ്ണം) റെക്കോര്‍ഡും രോഹിത് പങ്കിടുന്നു. ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന സെമിയില്‍ സെഞ്ചുറി നേടിയാല്‍ ഹിറ്റ്‌മാന് സച്ചിനെ മറികടക്കാം.