ഇന്നലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തള്ളവിരലിന് പരിശീലനത്തിനിടെ പരിക്കേറ്റതായാണ് ചില ചിത്രങ്ങള്‍ സഹിതം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പേ ഇന്ത്യന്‍ ടീമിന് ആശ്വാസം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ക്രിക്കറ്റ് നെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. താരം ഇന്ന് പരിശീലനത്തിന് ഇറങ്ങി. ഇന്നലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തള്ളവിരലിന് പരിശീലനത്തിനിടെ പരിക്കേറ്റതായി ചില ചിത്രങ്ങള്‍ സഹിതം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരിശീലനത്തിനിടെ തള്ള വിരലിന് അസഹ്യമായ വേദന അനുഭവപ്പെട്ട കോലി ഫിസിയോതെറാപ്പിസ്റ്റ് പാട്രിക്കിനെ ഉടനടി വിളിച്ചെന്നാണ് ചിത്രങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍. ഉടന്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന സ്പ്രേ കോലിയുടെ വിരലില്‍ അടിച്ചു. 

ഏകദിന ലോകകപ്പിലെ മൂന്നാം കിരീടവിജയം ഇന്ത്യ ലക്ഷ്യമിടുന്ന ഇന്ത്യ അടുത്ത ബുധനാഴ്ച (ജൂണ്‍ അഞ്ച്) യാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളെല്ലാം കോലിയില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ താരത്തിന് പരിക്കേറ്റെന്ന് വാര്‍ത്ത ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്.