ലണ്ടന്‍: ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി വരുന്ന പ്രകോപനപരമായ പരസ്യങ്ങള്‍ക്കെതിരെ സാനിയ മിര്‍സ. ഇരു രാജ്യങ്ങളിലേയും ടെലിവിഷൻ പരസ്യങ്ങള്‍ അതിരുകടക്കുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമാണെന്ന് സാനിയ ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ചാനല്‍ ജാസ് ടിവി ഇറക്കിയ പരസ്യം നേരത്തെ വിവാദമായിരുന്നു. പാകിസ്ഥാൻ യുദ്ധ വിമാനത്തെ ഇന്ത്യയുടെ വിംഗ് കമാൻഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കളിയാക്കുന്നതാണ് പരസ്യത്തിന്‍റെ പ്രമേയം. മറുവശത്ത് സ്റ്റാര്‍ സ്പോര്‍ട്സ് ഇറക്കിയ പരസ്യത്തില്‍ ലോകകപ്പ് ഇന്ത്യ നേടുമെന്നും പാകിസ്ഥാനും ബംഗ്ലാദേശിനും എങ്ങുമെത്താനാവില്ലെന്നും സൂചിപ്പിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്‍റെ പ്രതികരണം. 

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ആവേശം കൂട്ടാൻ ഇത്തരം പരസ്യങ്ങള്‍ വേണ്ടെന്നാണ് പാക് താരം ഷോയബ് മാലിക്കിന്‍റെ ഭാര്യയായ സാനിയ പറയുന്നത്. ക്രിക്കറ്റിനെ ക്രിക്കറ്റായി മാത്രം കാണുക. അതിനപ്പുറം രാഷ്ട്രീയം കലര്‍ത്തരുതെന്നുമാണ് ഇന്ത്യൻ ടെന്നീസ് താരത്തിന്‍റെ അഭ്യര്‍ത്ഥന.