ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്‌സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ്-എസ് പി നേതാക്കള്‍ രംഗത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിക്ക്  ഓറഞ്ച് നിറം തെരഞ്ഞെടുത്തതെന്നും എസ്പി നേതാവും എംഎല്‍എയുമായ അബു അസിം അസ്മി ആരോപിച്ചു.

ഓറഞ്ചിന് പകരം ജേഴ്‌സിക്ക് ത്രിവര്‍ണ നിറം തെരഞ്ഞെടുക്കാമായിരുന്നുവെന്നും അബു അസിം അസ്മി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയായ നസീം ഖാനും ഓറഞ്ച് നിറം ജേഴ്‌സിക്ക് തെരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ 30ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഓറഞ്ച് ജെഴ്സിയില്‍ ഇറങ്ങുക.

ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആതിഥേയരൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്സികള്‍ വേണമെന്ന് നിബന്ധന ഐസിസി കര്‍ശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങാനുള്ള തീരുമാനമെടുത്തത്. ഓറഞ്ച് ജേഴ്സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും.