ലണ്ടന്‍: ലോകകപ്പില്‍ ശ്രീലങ്ക പാകിസ്ഥാന്‍ മത്സരത്തിനിടെ മഴ പെയ്തതു കൊണ്ട്  ലോട്ടറിയടിച്ചത് ശ്രീലങ്കന്‍ ടീമിനാണ്.  പോയന്‍റ്  നിലയില്‍ നിലവില്‍  മൂന്നാം സ്ഥാനത്തെത്തി ശ്രീലങ്കന്‍ ടീം. മൂന്നു കളികളില്‍ ഒരെണ്ണം മാത്രമേ ശ്രീലങ്കന്‍ ടീം വിജയിച്ചിട്ടുള്ളു. പാകിസ്ഥാനും മൂന്നു കളികളില്‍ ഒരെണ്ണത്തിലാണ് വിജയിച്ചത്. 

പക്ഷേ നെറ്റ് റണ്‍ റേറ്റില്‍ പാക്കിസ്ഥാനെ മറികടന്ന് ശ്രീലങ്ക മൂന്നാമതെത്തുകയായിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് പോയന്‍റ് പട്ടികയില്‍ ശ്രീലങ്ക ഏഴാമതും പാകിസ്ഥാന്‍ എട്ടാമതുമായിരുന്നു. നാളത്തെ മത്സരങ്ങളില്‍ ന്യൂസിലാന്‍റ് ഒഴികെയുള്ള ടീമുകള്‍ക്ക് ശ്രിലങ്കയെയും പാകിസ്ഥാനെയും മറികടക്കാന്‍ അവസരമുണ്ട്. രണ്ടു കളികള്‍ നിന്നും നാലു പോയന്‍റുകള്‍ നേടിയ ന്യൂസിലാന്‍റാണ് നിലവില്‍ ഒന്നാമത്. ഓസ്ട്രേലിയയാണ് രണ്ടാമത്. ഒരു മത്സരം മാത്രം കളിച്ച ഇന്ത്യ നിലവില്‍ ഏഴാമതാണ്. 

ബ്രിസ്റ്റോളില്‍ കനത്ത മഴമൂലം പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് രാത്രി എട്ടരയോടെ വേണ്ടെന്ന് വെച്ചത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ലങ്ക പോയിന്‍റ് നേടുന്നത് ഇതാദ്യമാണ്. ഇതിന് മുന്‍പ് ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും ലങ്ക പരാജയപ്പെടുകയായിരുന്നു.