ലണ്ടന്‍: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ശ്രീലങ്കൻ ടീമിന് നീന്തല്‍ക്കുളമുള്ള ഹോട്ടല്‍ ലഭിച്ചു. ആദ്യം താമസിച്ചിരുന്ന ഹോട്ടലില്‍ നീന്തല്‍ക്കുളം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഐസിസി തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപിച്ച് ലങ്കന്‍ടീം മാനേജ്മെന്‍റ് രംഗത്തെത്തിയിരുന്നു. ശ്രീലങ്കയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ബ്രിസ്റ്റോളിലായിരുന്നു. ഇവിടെ ടീമിനെ താമസിപ്പിച്ച ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ത്തിയത്. 

നീന്തല്‍ക്കുളം പോലുമില്ലാത്ത താരതമ്യേന ചെറിയ ഹോട്ടലായിരുന്നെന്ന് ടീം മാനേജര്‍ അശാന്ത ഡി മെല്‍ ആരോപിക്കുന്നു. നെറ്റ്സിലെ പരിശീലനത്തിന് ശേഷം കളിക്കാരെ നീന്തല്‍ക്കുളത്തിലേക്ക് വിടുകയാണ് പതിവ്. മസിലുകള്‍ അയയാൻ ഇത് അത്യാവശ്യമാണ്. നീന്തല്‍ക്കുളം ഇല്ലാതിരുന്നതിനാല്‍ കളിക്കാര്‍ വലഞ്ഞെന്നും അശാന്ത ഡി മെല്‍ കുറ്റപ്പെടുത്തുന്നു. ബ്രിസ്റ്റോളില്‍ പരിശീലനത്തിനും ആവശ്യത്തിന് സൗകര്യം ലഭിച്ചില്ല.

മൂന്ന് നെറ്റ്സ് ആവശ്യപ്പെട്ടിട്ട് കിട്ടിയത് രണ്ട് മാത്രം. ആദ്യ രണ്ട് മത്സരങ്ങളും നടന്ന കാര്‍ഡിഫില് പിച്ച് ഒരുക്കിയതില്‍ അസ്വഭാവികത ഉണ്ടെന്നും ടീം ആരോപിക്കുന്നു. ന്യുസീലൻഡിനും അഫ്ഗാനിസ്ഥാനുമെതിരായണ് ശ്രീലങ്ക കാര്‍ഡിഫില്‍ കളിച്ചത്. രണ്ട് തവണയും ബൗളിംഗിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയതെന്നും അശാന്ത മെൻഡിസ് പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഐസിസിക്ക് പരാതി നല്‍കി. ആരെയും അവഗണിച്ചിട്ടില്ലെന്നായിരുന്നു ഐസിസിയുടെ മറുപടി. എന്തായാലും ഓസ്ട്രേലിയക്കെതിരായ മത്സരത്തിനായി ഓവലിലെത്തിയ ശ്രീലങ്കൻ ടീമിന് നീന്തല്‍ക്കുളമുള്ള ഒന്നാന്തരം ഹോട്ടലാണ് ഐസിസി  ഒരുക്കിയിരിക്കുന്നത്.