ലണ്ടന്‍: ന്യൂസിലൻഡിനെതിരായ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യ-പാകിസ്ഥാൻ മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. 

ട്രെന്‍റ് ബ്രിഡ്ജിൽ മഴ അരങ്ങുവാണപ്പോൾ ഇന്ത്യക്ക് പരിശീലനത്തിന് പോലും ഗ്രൗണ്ടിലിറങ്ങാനായില്ല. ഇതോടെ, പരുക്കേറ്റ ശിഖർ ധവാന് പകരം ടീമിൽ വരുത്തുന്ന മാറ്റങ്ങൾ എങ്ങനെയെന്നറിയാൻ ഞായറാഴ്ചവരെ കാത്തിരിക്കണം. മാഞ്ചസ്റ്ററിൽ ഇന്ത്യയെ കാത്തിരിക്കുന്നത് അയൽക്കാരും ചിരവൈരികളുമായ പാകിസ്ഥാനാണ്.

പരിചയ സമ്പന്നരായ താരങ്ങൾക്ക് പാകിസ്ഥാനെതിരായ മത്സരം സമ്മർദ്ദമുണ്ടാക്കില്ല. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോൽപിക്കാനായിട്ടില്ല. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് ഇത്തവണ വിരാട് കോലിക്കും സംഘത്തിനും.