ലണ്ടന്‍: ആവേശപ്പോരാട്ടങ്ങളുമായി മുന്നേറുകയാണ് ലോകകപ്പ് ക്രിക്കറ്റ്. എന്നാൽ ഇംഗ്ലണ്ടിലെ ടെലിവിഷൻ പ്രേക്ഷകർ അത്ര ആവേശത്തിലല്ല. ലോകകപ്പ് സംപ്രക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നതാണ് എല്ലാവരെയും നിരാശയിലാക്കിയിരിക്കുന്നത്. 

ലോകകപ്പിനെത്തിയ കളിക്കാർക്കുപോലും ഈ ദുരനുഭവമുണ്ടായി. ഇതോടെ എതിരാളികളുടെ കളി കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ടീമുകൾ. സംഭവം വിവാദമായതോടെ 10 രാജ്യത്തെയും ടീം അംഗങ്ങൾക്കും കളികാണാനുള്ള വൗചർ ലഭ്യമാക്കി തടിയൂരിയിരിക്കുകയാണ് ഐസിസി. ഇതോടെ കളിക്കാർക്ക് മൊബൈലിലും ലാപ്ടോപ്പിലുമൊക്കെ കളി കാണാൻകഴിയും. ഇതോടൊപ്പം ടീമുകൾ താമസിക്കുന്നിടത്ത് ചാനൽ ലഭ്യമാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടു.

സ്കൈ സ്പോർട്സ് നെറ്റ് വർക്കിനാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ സംപ്രേഷണം അവകാശം നൽകിയിരുന്നത്. ഇവരാകട്ടെ ലോകകപ്പിന് ഈടാക്കുന്നത് വലിയനിരക്കും. ഇതാണ് സാധാരണക്കാർക്ക് തിരിച്ചടിയായത്. ടീമുകൾക്ക് കിട്ടിയ ആനുകൂല്യം ലോകകപ്പ് തീരും മുമ്പെങ്കിലും ആരാധകർക്കും ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടുകാർ. നേരത്തേ ബിബിസിക്കായിരുന്നു ലോകകപ്പ് സംപ്രേഷണ അവകാശം.സർക്കാർ പിന്തുണയോടെ സൗജന്യമായാണ് ബിബിസി ചാനൽ ലഭ്യമാക്കിയിരുന്നത്.