ലണ്ടന്‍: ലോകകപ്പ് കലാശപ്പോരാട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ലോകകിരീടം സ്വന്തം രാജ്യത്തെത്തിക്കാനായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഇന്നിറങ്ങും. പ്രതീക്ഷയോടെ ലോകകപ്പിന് എത്തിയ താരങ്ങളില്‍ ചിലര്‍ മിന്നിയെങ്കിലും മറ്റു ചിലര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 

ലീഗ് ഘട്ടത്തിലും സെമിഫൈനലിലും പുറത്തെടുത്ത മികച്ച പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ലോകകപ്പിന്‍റെ മികച്ച ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിബിസി. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബൂമ്ര എന്നിവരാണ് ലോകടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

ബിബിസി തെരഞ്ഞെടുത്ത ടീം ഇങ്ങനെ 

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയും ഓസ്ട്രേലിയന്‍ താരമായ ഡേവിഡ് വാര്‍ണറും ഓപ്പണിംഗില്‍  എത്തും. മൂന്നും നാലും സ്ഥാനങ്ങളില്‍ രണ്ടു നായകന്മാരാണ് എത്തുന്നത്. ഇന്ത്യയുടെ വിരാട് കോലിയും ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്യംസണും.

ടീമിലെ ഓള്‍ റൗണ്ടര്‍മാരായി ബംഗ്ലാ താരം ഷാക്കിബ് അല്‍ ഹസനും ഇംഗ്ലണ്ടിന്‍റെ ബെന്‍സ്റ്റോക്സും. വിക്കറ്റ് കീപ്പിംഗിന് അലക്സ് കാരി. ബൗളിംഗ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ്, ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും എത്തും. ലോകകപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍  വായനാക്കാരനാണ് ടീമിനെ തെരഞ്ഞെടുത്തത്.