ലോര്‍ഡ്‌സ്: ലോകകപ്പ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവര്‍ ഫൈനലില്‍ ക്രിക്കറ്റ് നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. 100 ഓവറിനും സൂപ്പർ ഓവറിനും ഒടുവില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ആദ്യ കിരീടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായി ലോര്‍ഡ്‌സിലെ അവസാന മണിക്കൂര്‍. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ കലാശപ്പോരിന്‍റെ മൂര്‍ച്ചകൂടി. ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആദ്യ കപ്പുയര്‍ത്തിയപ്പോള്‍ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തിന് അത് ആഹ്‌ളാദ നിമിഷമായി. നിര്‍ഭാഗ്യം കൊണ്ട് കപ്പ് വഴുതിപ്പോയ കിവികളെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ആരാധകര്‍.

സൂപ്പര്‍ ഓവറില്‍ കിവികള്‍ക്കായി പന്തെടുത്തത് ബോള്‍ട്ട്. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പന്തെടുത്തത് ജോഫ്ര ആര്‍ച്ചര്‍. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തോല്‍പിച്ചു. റോയ്‌യുടെ ത്രോയില്‍ ബട്‌‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും.