ലണ്ടന്‍: ലോകകപ്പ് ഉയർത്തുക എന്നത് ഏതൊരു ക്യാപ്റ്റനും മോഹിക്കുന്ന നേട്ടമാണ്. ഈ സ്വപ്നനേട്ടത്തിന് ഒരു ജയമകലെയാണ് വില്യംസണും മോർഗനും. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട നായകൻമാരും ലോകകപ്പ് ചരിത്രത്തിലുണ്ട്.

1975ലെ ആദ്യ ലോകകപ്പ് ഉയർത്താൻ ഭാഗ്യം ലഭിച്ചത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിന്. 1979 ലും കരീബിയൻ പടയ്ക്ക് മറുപടിയുണ്ടായില്ല. ക്ലൈവ് ലോയ്ഡിന്‍റെ കയ്യിൽ രണ്ടാം കിരീടം. 1983 ലെ മൂന്നാം ലോകകപ്പിൽ കപിൽ ദേവ്. 1987ൽ അലൻ ബോർഡറും 1992 ൽ ഇമ്രാൻ ഖാനും. 1996 ൽ അർജുന രണതുംഗയ്ക്കായിരുന്നു കിരീടം ഉയർത്താനുള്ള ഭാഗ്യം. 1999 ൽ സ്റ്റീവോയും 2003 ലും 2007 ലും റിക്കി പോണ്ടിംഗും ഓസീസിന് കരുത്തായി. 2011 ൽ ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനമിട്ടത് എംഎസ് ധോണി. ഒടുവിൽ 2015 ൽ മൈക്കൽ ക്ലാർക്ക്.

ഇത്തവണ ആരെന്നറിയാൻ ഒറ്റക്കളിയുടെ അകലം മാത്രം. ആതിഥേയരുടെ പ്രതീക്ഷയായി ഓയിൻ മോർഗനും ന്യൂസിലൻഡിന്‍റെ കപ്പിത്താൻ കെയ്ൻ വില്യംസണും. കുട്ടി ക്രിക്കറ്റിൽ കിരീടം നേടിയെങ്കിലും ഏകദിന ലോകകിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. 2015 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് നടത്തിയ പരീക്ഷണമാണ് ഓയിൻ മോർഗന്‍റെ കയ്യിലുള്ള സന്തുലിത ടീം. 

കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ കിവീസിന് അന്ന് ബ്രണ്ടൻ മക്കല്ലം എന്തായിരുന്നോ അതു തന്നെയാണ് ഇന്ന് വില്യംസൺ. ബാറ്റിംഗ് നിരയെ ചുമലിലേറ്റണം, ഒപ്പം ടീമിനെ നയിക്കണം. മോർഗന് പക്ഷേ അത്ര തലവേദനയില്ല. അത്ര ശക്തമാണ് ഇംഗ്ളീഷ് ബാറ്റിംഗ്. എന്നാൽ മൂന്ന് ഫൈനലിൽ തോറ്റെന്ന കറുത്ത ചരിത്രം ക്യാപ്റ്റൻ മോർഗനെ സമ്മർദ്ദത്തിലാക്കിയേക്കാം.