ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ രവി ശാസ്ത്രിയുടെ ഫോട്ടോഷോപ്പ് ചിത്രം സോഷ്യല്‍ മീഡിയയില്‍. ബിസിസിഐ ട്വിറ്റില്‍ പങ്കുവെച്ച ഇന്ത്യന്‍ ടീമിന്‍റെ ഗ്രൂപ്പ് ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് മുമ്പ് എടുത്ത ഇന്ത്യന്‍ ടീമിന്‍റെ ഒരു ചിത്രം ജൂലൈ 6 ന് ബിസിസിഐ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിരുന്നു.

ഇതില്‍ കോലിയുടെ അടുത്തായാണ് രവിശാസ്ത്രി ഇരിക്കുന്നത്. ഈ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചത്. രവിശാസ്ത്രി ഇരിക്കുന്ന കസേരയുടെ താഴെയായി മദ്യക്കുപ്പിയുടെ ചിത്രം കൂട്ടിച്ചേര്‍ത്ത് ഫോട്ടോഷോപ്പ് ചെയ്താണ് ചിത്രം പ്രചരിപ്പിച്ചത്.

ഇന്ത്യന്‍ ടീമിന്‍റെ വിജയ കാരണം എന്ന പേരിലായിരുന്നു ചിത്രം പ്രചരിക്കപ്പെട്ടത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലടക്കം പരിശീലകന് നേരെ തിരിഞ്ഞത്. ഒടുവില്‍ ചിത്രം വ്യാജമാണെന്നും യഥാര്‍ത്ഥ ചിത്രം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് എടുത്ത ഗ്രൂപ്പ് ഫോട്ടോയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തി.