ടീം ഇന്ത്യ വീണ്ടും ഒരു ലോകകപ്പ് ജയത്തിനായി ഇറങ്ങുകയാണ്. വിരാട് കോലിയുടെ നായകമികവില്‍ ടീം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഒട്ടേറെ മികച്ച താരങ്ങളുമായാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നതും. എന്നാലും നായകന്റെ ബാറ്റിംഗില്‍ ഫോമില്‍ തന്നെയാണ് ടീം ഇന്ത്യയുടെ മുന്നോട്ടുപോക്ക്. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള സാധ്യതയും വിരാട് കോലിക്ക് മുന്നിലുണ്ട്.

നായകനായി രംഗത്ത് എത്തുമ്പോള്‍ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ വിരാട് കോലി സ്വന്തമാക്കും എന്നാണ് ആരാധകര്‍ കരുതുന്നത്. നായകനെന്ന നിലയില്‍ ലോകകപ്പില്‍ രണ്ട് പ്രധാന റെക്കോര്‍ഡുകളാണ് വിരാട് കോലിയെ കാത്തിരിക്കുന്നത്. ഒന്ന് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോര്‍ഡ്. മറ്റൊന്ന് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോര്‍ഡും. രണ്ടും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ സൌരവ് ഗാംഗുലിയില്‍ നിന്ന് വിരാട് കോലി സ്വന്തമാക്കേണ്ടതും. 2003 ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് സൌരവ് ഗാംഗുലി സ്വന്തമാക്കിയത്. അതേ ലോകകപ്പില്‍ സൌരവ് ഗാംഗുലി 11 മത്സരങ്ങളില്‍ നിന്ന് 465 റണ്‍സ് ആണ് നേടിയത്.  മൂന്ന് സെഞ്ച്വറികള്‍ക്ക് പുറമെ ഒരു അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് ഇത്. 58.12 ശരാശരിയാണ് സൌരവ് ഗാംഗുലിക്ക് ഉള്ളത്. അതേസമയം 17 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 41.92 ശരാശരിയോടെ 587 റണ്‍സാണ് വിരാട് കോലി മൊത്തം നേടിയിരിക്കുന്നത്.