മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യാ-പാക്  മത്സരം കാണാൻ മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ ബോളിവുഡ് താരം രൺവീർ സിം​ഗും ഉണ്ടായിരുന്നു. മത്സരത്തിൽ ഉ​ജ്ജ്വല വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചെത്തിയ രൺവീർ ടീമാം​ഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ രൺവീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തൊരു ചിത്രത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഡബ്ല്യുഡബ്ല്യുഇ താരം ബ്രോക് ലെസ്‌നറിന്റെ മാനേജറും അഭിഭാഷകനുമായ പോള്‍ ഹെയ്മൻ.  

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പമുള്ള സെൽഫിയാണ് രണ്‍വീര്‍ ട്വീറ്റ് ചെയ്തിരുന്നത്. ചിത്രത്തിന് രൺവീർ നൽകിയ അടിക്കുറിപ്പാണ് പോള്‍ ഹെയ്മനെ ചൊടിപ്പിച്ചത്. 'തിന്നുക, ഉറങ്ങുക, കീഴടക്കുക. ആവര്‍ത്തിക്കുക' എന്നതായിരുന്നു ചിത്രത്തിന് രൺവീർ നൽകിയ അടിക്കുറിപ്പ്. എന്നാൽ ട്വീറ്റില്‍ രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ബ്രോക്ക് ലെസ്‌നറുടെ ക്യാച്ച് ഫ്രെയ്‌സ് ആണെന്ന് പോള്‍ ഹെയ്മൻ റിട്വീറ്റ് ചെയ്തു.

'താങ്കളെന്താ എന്നെ തമാശയാക്കുകയാണോ? എന്നായിരുന്നു ട്വീറ്ററിലൂടെ രൺവീറിനോട് പോള്‍ ഹെയ്മൻ ചോദിച്ചത്.  'തിന്നുക, ഉറങ്ങുക, കീഴടക്കുക. ആവര്‍ത്തിക്കുക' എന്ന ബ്രോക്ക് ലെസ്‌നറുടെ ക്യാച്ച് ഫ്രെയ്‌സ് ഉപയോ​ഗിച്ചതിന് രൺവീറിനെതിരെ കോപ്പി റൈറ്റ് ലംഘനത്തിന് പരാതി നൽകുമെന്നും പോള്‍ ഹെയ്മൻ ട്വീറ്റിൽ കുറിച്ചു.

നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ പ്രശംസിച്ചു കൊണ്ടുള്ള ഐസിസിയുടെ ട്വീറ്റിനെതിരെയും ഹെയ്മന്‍ രംഗത്തെത്തിയിരുന്നു. 2014 ല്‍ അണ്ടര്‍ടെയ്‌ക്കെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ബ്രോക്ക് ലെസ്‌നര്‍ ‘തിന്നുക, ഉറങ്ങുക, കീഴടക്കുക. ആവര്‍ത്തിക്കുക’ എന്ന ക്യാച്ച് ഫ്രെയ്‌സ് ഉപയോഗിച്ച് തുടങ്ങിയത്.