ലണ്ടന്‍: അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം അംബാട്ടി റായുഡു തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് മുന്‍ ഇന്ത്യന്‍ പോസറും യുവരാജ് സിംഗിന്‍റെ പിതാവുമായ യോഗരാജ് സിംഗ്. റായുഡു കളി തുടരണമെന്നും ധോണിയെ പോലുള്ളവര്‍ എല്ലാ കാലവും ടീമില്‍ ഉണ്ടാവില്ലെന്നും അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

' റായുഡു നിങ്ങള്‍ കളി തുടരണം, നിങ്ങള്‍ക്ക് എന്തൊക്കെ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കണം'. നിങ്ങള്‍ വലിയ താരമാണ്. എംഎസ് ധോണിയെ പോലുള്ളവര്‍ എല്ലാ കാലവും ടീമില്‍ ഉണ്ടാവില്ലെന്നും നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് റായുഡു വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.