പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന കല്ല് മുതുകില്‍ കെട്ടിവെച്ചു. 

ഹാവേരി(കര്‍ണാടക): മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹരീഷയ്യ എന്ന കുട്ടി മരണത്തിന് കീഴടങ്ങിയത്. കര്‍ണാടകയിലെ ഹാവേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മാര്‍ച്ച് 16നാണ് സംഭവം.

കുട്ടിയുടെ അമ്മക്കും മര്‍ദ്ദനമേറ്റിരുന്നു. പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന കല്ല് മുതുകില്‍ കെട്ടിവെച്ചു. മകനെ തിരഞ്ഞ് പിതാവ് നാഗയ്യ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ വിട്ടുകൊടുത്തില്ല. പിന്നീട് അമ്മയെത്തി ബഹളം വെച്ചു. അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മകനെ വിട്ടു. ഗുരുതരാവസ്ഥയിലായ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലീസിനെതിരെയും ആരോപണമുയര്‍ന്നു. സംഭവം നടന്ന പിറ്റേന്നു തന്നെ പരാതി നല്‍കിയെങ്കിലും കുട്ടി മരിച്ചതിന് ശേഷമാണ് കേസെടുത്തതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ശിവരുദ്രപ്പയയും കുടുംബവും ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.