പൂയപ്പളളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരന്‍ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍


കൊല്ലം: പൂയപ്പളളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരന്‍ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാം സൗഹൃദം ദുരുപയോഗം ചെയ്തായിരുന്നു പ്രതികളുടെ പീഡനം.

ജനുവരി 29ന് വീട്ടില്‍ നിന്ന് കാണാതായ പതിനേഴുകാരിക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെ തൊട്ടടുത്ത ദിവസം കുട്ടി വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ കൗണ്‍സലിങ്ങിലാണ് നടുക്കുന്ന പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്. നല്ലില സ്വദേശി ഹൃദയ്, അഭിജിത്, റഫീക്ക്, ജയകൃഷ്ണന്‍ എന്നിവര്‍ തന്നെ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്‍കി. 

ഇവര്‍ നാലുപേരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരന്‍റെ പങ്ക് പുറത്തായത്. പീഡിപ്പിച്ചവരില്‍ ചിലരുമായുളള സഹോദരന്‍റെ സൗഹൃദമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇന്‍സ്റ്റഗ്രാമിലെ സൗഹൃദം ചൂഷണം ചെയ്തായിരുന്നു പ്രതികളുടെ പീഡനം. പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. സഹോദരനു പുറമേ

മുഹമ്മദ് നൗഫല് ,മുഹമ്മദ് സജാദ്, അഹമ്മദ് ഷാ, വിഷ്ണു,അനന്തപ്രസാദ്, പ്രവീണ്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെല്ലാം 19നും 23നും ഇടയില്‍ പ്രായമുളളവരാണ്. പെണ്‍കുട്ടിയെ ചൂഷണം ചെയ്ത് പ്രതികള്‍ പണമുണ്ടാക്കിയോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഇനിയും അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.