പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ  സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ടത്

കൊല്ലം: കൊല്ലം പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ടത്. അഭിഭാഷക കൂടിയാണ് നിത്യ ശശി.

മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. തുടരെയുള്ള ഫോൺ വിളിയിലൂടെ പതിയെ സൗഹൃദത്തിലാക്കി. ഒടുവിൽ വയോധികൻ കലയ്ക്കോട്ടെ വീട്ടിലെത്തി. അവിടെ വച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്ക്കൊപ്പം ചിത്രങ്ങൾ എടുത്തു. ഫോണിൽ ചിത്രം പകർത്തിയത് മുൻ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു.

Also Read: കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ, മോദിക്ക് ജയ് വിളിച്ച് ഭരണപക്ഷം; പാർലമെന്‍റിൽ ഇന്നും പ്രതിഷേധം

ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം രൂപ നൽകി. എന്നാല്‍, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയിൽ തുടര്‍ന്നു. സഹികെട്ട് ഈ മാസം 18നാണ് വയോധികൻ പരവൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നൽകാനെന്ന പേരിൽ പരാതിക്കാരൻ പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പരവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live