കുട്ടിയുടെ സഹോദരി ഭർത്താവ്, പെണ്‍കുട്ടിക്ക് ജോലി കൊടുത്തയാള്‍ ഇവരുടെ സുഹൃത്തുക്കള്‍ തുടങ്ങിയവരാണ്  പീഡിപ്പിച്ചത്. 

ചെന്നൈ: ചെന്നൈയില്‍ 14 വയസ്സുകാരിയെ സഹോദരി ഭർത്താവ് ഉൾപ്പെടെ 12 പേർ പീഡനത്തിരയാക്കി. നാമക്കൽ ജില്ലയിലെ കുമാരപാളയത്തിന് സമീപത്താണ് 14 വയസുകാരിയെ ബന്ധുവടക്കം 12 പേര്‍ രണ്ട് വർഷമായി നിരന്തരം പീഡനത്തിനരയാക്കിയത്. സംഭവത്തില്‍ ബിഎസ്എൻഎൽ എഞ്ചിനീയർ ഉൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

നാമക്കലിലെ തിരുച്ചങ്കോടാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിനിരയായത്. ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പതിനാലുകാരിയെ പീഡിപ്പിച്ചത്. കുട്ടിയുടെ സഹോദരി ഭർത്താവ്, പെണ്‍കുട്ടിക്ക് ജോലി കൊടുത്തയാള്‍ ഇവരുടെ സുഹൃത്തുക്കള്‍ തുടങ്ങിയവരാണ് പീഡിപ്പിച്ചത്. 

വിവരം കുട്ടി അമ്മയെ അറിയിച്ചെങ്കിലും പ്രതികൾ പണം നൽകിയും ഭീഷണിപ്പെടുത്തിയും അവരെ വശത്താക്കി. തുടർന്ന് അയൽവാസിയാണ് വിവരം ബാലാവകാശ കമ്മീഷനില്‍ അറിയിച്ചത്. ചൈൽഡ് വെൽഫെയർ ഓഫീസർ എത്തിയാണ് കുട്ടിയെ പ്രതികളില്‍ നിന്നും രക്ഷപ്പെടുത്തിയത്. മൂത്ത സഹോദരിയുടെ വീട്ടില്‍ നിന്ന് മറ്റ് വീടുകളില്‍ വീട്ടുജോലിക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പെണ്‍കുട്ടി തൊഴിലിന് വേണ്ടിയാണ് സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്നത്. അറസ്റ്റിലായ പ്രതികൾക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.