കോട്ട: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് സംശയം. രാജസ്ഥാനിലെ കോട്ടയിലാണ് പന്ത്രണ്ടുവയസ്സുകാരന്‍ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാത്രി ഉറങ്ങുവാനായി മുറിയില്‍ കയറിയ കുട്ടിയെ അടുത്ത ദിവസം രാവിലെ ശുചിമുറിയില്‍ ഇരുമ്പ് മാല കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മരിക്കുന്ന സമയത്ത് കുട്ടി വളയും വിവാഹ ചടങ്ങിനിടെ അണിയിക്കുന്ന മാലയും ധരിച്ചിരുന്നു. ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനിടയിലോ മൊബൈല്‍ ഗെയിമിലെ ടാസ്ക് ചെയ്യുന്നതിനിടെയിലോ അബദ്ധത്തില്‍ മരണം സംഭവിക്കുകയായിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്.

ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിലും മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നതിലും തല്‍പ്പരനായിരുന്നു കുട്ടി എന്ന് മാതാപിതാക്കള്‍ പറ‍ഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയതായി മുംബൈ എസ് എച്ച് ഒ അറിയിച്ചു.