ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.50ഓടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് നിക്കോളാസ് മദൂറോ. വെനസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. നിക്കോളാസ് മദൂറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ തങ്ങളും എണ്ണ നിക്ഷേപം ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണം ഒറ്റക്കെട്ടായി ചെറുക്കണമെന്നാണ് നിക്കോളാസ് മദൂറോ ആഹ്വാനം ചെയ്തിട്ടുള്ളത്. കാരക്കാസിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.50ഓടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്കോളാസ് മദൂറോയെ തടവിലാക്കി രാജ്യത്തിന് പുറത്ത് എത്തിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആക്രമണം മുൻപേയറിഞ്ഞ് അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ
കാരക്കാസിൽ പൊട്ടിത്തെറികൾക്ക് തൊട്ട് മുൻപായി അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യുഎസ് വിമാനങ്ങളെ വെനസ്വേലയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിലക്ക്. സൈനിക നടപടികൾ മൂലം മേഖല സുരക്ഷിതമല്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കുന്നത്. പ്രാദേശിക സമയം 1 മണിയോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇത് സംബന്ധിച്ച് നാല് നോട്ടീസാണ് ഇറക്കിയത്. നോട്ടീസിൽ നിർദ്ദേശിച്ച നാല് മേഖലകളിലാണ് നിലവിൽ വ്യാപകമായ വ്യോമാക്രമണം നടന്നതെന്നും ശ്രദ്ധേയമാണ്. എന്നാൽ ഏത് സൈന്യമാണ് നടപടിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കിയിരുന്നില്ല.


