Asianet News MalayalamAsianet News Malayalam

മൂന്നു വയസ്സുള്ള അനിയത്തിയോട് കൂടുതൽ സ്നേഹം കാണിച്ച അച്ഛനെ ഒരു പാഠം പഠിപ്പിക്കാൻ 12 വയസ്സുകാരി ചെയ്തത്

ലോക്ക് ഡൌൺ സമയത്ത്, സ്‌കൂളിലെ ഓൺലൈൻ ക്‌ളാസുകൾ അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആ പന്ത്രണ്ടുകാരി വീട്ടിലെ ലാപ്ടോപ്പിൽ നിന്ന് സ്വന്തം അച്ഛനുതന്നെ ഭീഷണി ഇമെയിൽ സന്ദേശം അയച്ചത്. 
 

12 year old daughter of CA sends father extortion mails to father due to sibling rivalry
Author
Mumbai, First Published Aug 6, 2020, 1:25 PM IST

മുംബൈ:   കോർപ്പറേറ്റ് മേഖലയിലെ പല 'എക്സ്റ്റോർഷൻ' അഥവാ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളും ക്രൈം ബ്രാഞ്ചിന് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു കേസ് കഴിഞ്ഞ ദിവസം  മുംബൈ ക്രൈംബ്രാഞ്ചുദ്യോഗസ്ഥർക്ക് സമ്മാനിച്ചത് വളരെ വൈകാരികമായ ചില മുഹൂർത്തങ്ങളാണ്. 

എല്ലാറ്റിന്റെയും തുടക്കം, തനിക്ക് ഭീഷണി ഇമെയിലുകൾ വരുന്നു എന്ന പരാതിയുമായി നഗരത്തിലെ ഒരു പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് പൊലീസിനെ സമീപിക്കുന്നതാണ്. ചൈന ഹെഡ് ക്വാർട്ടേഴ്‌സ് ആയി പ്രവർത്തിക്കുന്ന ഒരു ബാങ്കിന് വേണ്ടിയാണ് മുംബൈയിൽ അദ്ദേഹം പ്രവർത്തിച്ചുപോന്നിരുന്നത്. ലക്ഷങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിലിന്റെ തുമ്പ് പിടിച്ചുപിടിച്ച് അന്വേഷിച്ചു ചെന്ന ക്രൈം ബ്രാഞ്ച് ഒടുവിൽ എത്തിയത് അത് സഹോദരവൈരം( Sibling Rivalry) എന്ന ഒരു മാനസികപ്രശ്നത്തിന്റെ പരിണിതഫലമായിരുന്നു എന്ന കണ്ടെത്തലിൽ ആണ്. ആ മെയിൽ അയച്ച ഐപി അഡ്രസ് ട്രേസ് ചെയ്തു ചെന്ന ക്രൈം ബ്രാഞ്ചിന്റെ സൈബർ വിങ് തിരിച്ചറിഞ്ഞത്, പരാതി നൽകിയ ആളുടെ തന്നെ ലാപ്ടോപ്പിൽ നിന്നാണ് ആ മെയിൽ പോയത് എന്നായിരുന്നു. അതോടെ സംശയത്തിന്റെ നിഴലിൽ വന്നത് ആ വീട്ടിലെ 12 വയസ്സുള്ള അയാളുടെ മകളായിരുന്നു. വെറും സംശയത്തിന്റെ പുറത്ത്, ആ പെൺകുട്ടിയെ അടുത്ത ദിവസം തന്നെ ഒരു വനിതാ പൊലീസ് ഓഫീസർ വളരെ മയത്തിൽ ചോദ്യം ചെയ്തു. ആദ്യ റൌണ്ട് ചോദ്യം ചെയ്യലിൽ തന്നെ അവൾ താൻ അത് തന്റെ മൂന്നുവയസ്സുള്ള സഹോദരിയോട്‌ അമിതമായ സ്നേഹം പ്രകടിപ്പിക്കുകയും, അതിന്റെ തിരക്കിൽ തന്നെ വല്ലാതെ അവഗണിക്കുകയും ചെയ്ത അച്ഛനെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി അയച്ചതാണ് എന്ന് സമ്മതിച്ചു. 

ജൂലൈ പതിനെട്ടിനാണ് ചാർട്ടേഡ് അക്കൗണ്ടന്റിന് ആദ്യത്തെ ഇമെയിൽ സന്ദേശമെത്തുന്നത്. അദ്ദേഹം അതിന്റെ ഒരു പ്രിന്റൗട്ടുമായി നേരെ ബോറിവ്‌ലി സ്റ്റേഷനിലെത്തി. എക്സ്ടോർഷൻ ആയതുകൊണ്ട് അവർ കേസ് ക്രൈംബ്രാഞ്ചിന്റെ സൈബർ വിങ്ങിനു കൈമാറി. ആദ്യ ഈമെയിലിൽ ഒരു ലക്ഷമേ ആവശ്യപ്പെട്ടിരുന്നുള്ളു എങ്കിൽ, രണ്ടാമത്തെ മെയിലിൽ അത് 12 മില്യൺ അതായത് ഒരുകോടി ഇരുപത് ലക്ഷമാക്കി ഉയർത്തി. ഓൺലൈൻ ആയി ആമസോൺ വഴിയോ, പേ ടി എം വഴിയോ അയക്കാനുള്ള ഓപ്‌ഷൻ മെയിലിൽ ഭീഷണി സന്ദേശം അയച്ചയാൾ നൽകിയിരുന്നു. തങ്ങൾ ഒരു വലിയ അധോലോക സംഘമാണ് എന്നും തങ്ങളുടെ ആളുകൾ മുംബൈയിൽ ഉണ്ടെന്നും പണം ഉടനടി നൽകിയില്ല എങ്കിൽ വീട്ടിൽ വന്ന് വെടിവെച്ചു കൊന്നുകളയും എന്നായിരുന്നു മെയിലിലെ ഭീഷണി. എന്നാൽ, 12 മില്യൺ എന്ന് പറഞ്ഞതല്ലാതെ കറൻസി ഏതെന്ന് പറഞ്ഞിരുന്നില്ല. ഡോളർ ആണോ അതോ ഇന്ത്യൻ റുപ്പീസ് ആണോ എന്ന കാര്യം പോലും പറയാതെ ഇങ്ങനെ ഒരു ഭീഷണി സന്ദേശം വന്നപ്പോൾ തന്നെ സൈബർ വിങ്ങിന് ഇതൊരു കന്നിക്കാരന്റെ പരിശ്രമമാണ് എന്ന് മനസ്സിലായി. ഇങ്ങനെ ഒരു സന്ദേശം അയച്ചയാൾ ഇതിനു മുമ്പ് എക്സ്ടോർഷൻ പോയിട്ട് അധോലോക സംഘത്തിന്റെ ഏഴയലത്തേക്കു പോലും പോയിട്ടില്ല എന്ന് അവർക്ക് മനസ്സിലായി. 

പൊലീസിൽ പരാതിപ്പെട്ടശേഷമാണ് മൂന്നാമത്തെ മെയിൽ വന്നത്. "നിങ്ങൾ പൊലീസിൽ പരാതിപ്പെട്ടു അല്ലേ? ഇനി നിങ്ങളുടെ കുടുംബത്തെപ്പോലും വെറുതെവിട്ടില്ല. എല്ലാവരെയും കൊന്നുകളയാൻ പോവുന്നു എന്നായി ഏറ്റവും പുതിയ ഭീഷണി. എന്നാൽ, ഇത്ര കൃത്യമായി പൊലീസിൽ പോയ കാര്യമൊക്കെ മനസ്സിലാക്കിയ സ്ഥിതിക്ക് ആ അമേച്വർ ഭീഷണിക്കാരൻ കുടുംബത്തിനുള്ളിലെ തന്നെ ഉള്ള ആരോ ആണെന്ന് ക്രൈം ബ്രാഞ്ച് ഉറപ്പിച്ചു. 

തുടർന്നാണ് ഈമെയിലിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ചുള്ള ട്രേസിങ് നടന്നത്. ആ അക്കൗണ്ട്  ക്രിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് പരാതിക്കാരന്റെ തന്നെ ഐപി അഡ്രസിൽ ആണെന്ന് സൈബർ വിങ് കണ്ടെത്തി. കുടുംബത്തിലെ എല്ലാവരെയും ചോദ്യം ചെയ്തപ്പോൾ, പന്ത്രണ്ടുകാരിയായ മകൾ ആകെ പരുങ്ങുന്നതായി പൊലീസ് നിരീക്ഷിച്ചു. അതോടെയാണ് അവളെ വിശദമായി ചോദ്യം ചെയ്തതും അവൾ എല്ലാം തുറന്നു പറഞ്ഞതും. "അച്ഛനും അമ്മയ്ക്കും എന്നെ വേണ്ട. അവർക്ക് ആകെ സ്നേഹം അവളെ മാത്രമാണ്..." പൊട്ടിക്കരഞ്ഞുകൊണ്ട്‌, ആ പെൺകുട്ടി താനിതൊക്കെ ചെയ്തത് തന്നെ അവഗണിച്ച അച്ഛനമ്മമാരെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി മാത്രമാണ് എന്ന് തുറന്നു പറഞ്ഞു. ലോക്ക് ഡൌൺ സമയത്ത്, സ്‌കൂളിലെ ഓൺലൈൻ ക്‌ളാസുകൾ അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആ പന്ത്രണ്ടുകാരി വീട്ടിലെ ലാപ്ടോപ്പിൽ നിന്ന് സ്വന്തം അച്ഛനുതന്നെ ഭീഷണി ഇമെയിൽ സന്ദേശം അയച്ചത്. 

കുട്ടി മൈനർ ആയതുകൊണ്ടും, വേറെ വിഷയങ്ങൾ ഒന്നും ഉണ്ടായിട്ടില്ലാത്തതുകൊണ്ടും, മകൾക്ക് വേണ്ട കൗൺസിലിംഗ് നൽകാൻ അച്ഛനമ്മമാരെ ഉപദേശിച്ച് പൊലീസ് തല്ക്കാലം കേസിലെ അന്വേഷണം അവസാനിപ്പിച്ചു. അച്ഛനമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സമയത്തിന്റെ നല്ലൊരു ഭാഗം ഇന്റർനെറ്റ് കണക്ഷൻ ഉള്ള സ്മാർട്ട് ഡിവൈസുകൾ അപഹരിക്കുന്ന ഇക്കാലത്ത് കുഞ്ഞുങ്ങൾക്ക് അവരാഗ്രഹിക്കുന്ന പരിഗണന കിട്ടാതെ പോവാറുണ്ട് പലപ്പോഴും. അപൂർവം കേസുകളിൽ അവരിൽ ചിലർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് മുതിരുകയും ചെയ്യാറുണ്ട്. ഈ വിഷയത്തിൽ കുട്ടിക്ക് മാത്രമല്ല, അച്ഛനമ്മമാർക്കും വേണ്ട കൗൺസിലിംഗ് നൽകേണ്ടതുണ്ട് എന്നാണ് മനഃശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios