ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരകൃത്യം. 13കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയിലായിരുന്നെന്ന് പിതാവ് ആരോപിച്ചു. അറസ്റ്റിലായ പ്രതിയുടെ കരിമ്പ് പാടത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലില്‍ കരിമ്പ് പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. കണ്ണുകള്‍ ചൂഴ്ന്ന്, നാവ് മുറിച്ച നിലയിലായിരുന്നു മൃതദേഹം ലഭിച്ചതെന്ന് പിതാവ് പറഞ്ഞു. ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. 

സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. മുന്‍ സര്‍ക്കാറും ബിജെപി സര്‍ക്കാറും യാതൊരു വ്യത്യാസമില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ കീഴില്‍ ദലിതുകള്‍ക്കെതിരെയുള്ള ആക്രമണം പാരമ്യത്തിലാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. കഴിഞ്ഞയാഴ്ച ഹാപ്പുരില്‍ ആറുവയസ്സുകാരിയും ബലാത്സംഗത്തിനിരയായിരുന്നു.