ഭുവനേശ്വര്‍: അഞ്ഞൂറ് രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 14 വയസ്സുകാരനെ സുഹൃത്തിന്റെ അമ്മ അടിച്ചുകൊന്നു. ഒഡീഷയിലെ മയൂര്‍ഭഞ്ട് ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാജന്‍ ബെഹറയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച സുഹൃത്തിന്റെ വീട്ടില്‍ പോയി അല്‍പ്പം സമയം കഴിഞ്ഞ് രാജന്‍ മടങ്ങി വന്നിരുന്നു. 

രാജന്‍ വീട്ടിലെത്തിയ സമയത്ത് സുഹൃത്തിന്റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. രാജന്‍ മടങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയ സുഹൃത്തിന്റൈ അമ്മ 500 രൂപ കാണാനില്ലെന്ന് കണ്ടെത്തി. പണത്തെക്കുറിച്ച് ആദ്യം തന്റെ മകനോട് ചോദിച്ചു. താനില്ലാത്ത സമയത്താണ് രാജന്‍ വീട്ടിലെത്തിയതെന്ന് അറിഞ്ഞ അമ്മ, രാജനെ വിളിപ്പിച്ചു. 

സ്ത്രീ കൂട്ടിയെ മര്‍ദ്ദിക്കുകയും വീട്ടിലേക്ക് മടങ്ങിയ രാജന്‍ മരിക്കുകയുമായിരുന്നു. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. 36കാരിയായ സസ്മിത ബെഹ്‌റയാണ് അറസ്റ്റിലായത്.