ഓഗസ്റ്റ് 30 നടന്ന കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ്.

ദില്ലി: തുടര്‍ച്ചയായി ലൈംഗിക അതിക്രമം ചെയ്ത യുവാവിനെ കഴുത്തറുത്ത് കൊന്ന് 14കാരന്‍. ദക്ഷിണ ദില്ലിയിലാണ് സംഭവം. ബാട്ട്ല ഹൌസ് മേഖലയില്‍ 26കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് കൊലപാതകത്തേക്കുറിച്ച് പൊലീസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 30 നടന്ന കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ്.

കഴിഞ്ഞ രണ്ട് മാസത്തോളമായി 26കാരന്‍ 14കാരനെ ലൈംഗികമായി ദുരുപയോഗിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് പിന്നാലെ വീഡിയോ എടുത്ത് ഭീഷണി കൂടി ആയതോടെ ഇയാളെ കൊല ചെയ്യാന്‍ 14കാരന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ 14 കാരനെ പിടികൂടിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ഡിയോ വിശദമാക്കി. ജുവനൈല്‍ നിയമ പ്രകാരമുള്ള നിയമ നടപടികള്‍ കേസില്‍ സ്വീകരിച്ചതായും ദക്ഷിണ ദില്ലി ഡിഎസ്പി വിശദമാക്കി.

ഓഗസ്റ്റ് 30 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ജാമിയ നഗര്‍ പൊലീസിന് കൊലപാതക വിവരം ലഭിച്ചത്. ബാട്ട്ല ഹൌസ് മേഖലയിലെ ജാമിയ നഗറിലെ ഫ്ലാറ്റിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴമേറിയ മുറിവോടെയാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് വസീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നിരന്തരമായ പീഡനത്തില്‍ മനസ് മടുത്ത 14 കാരന്‍ തക്ക സമയത്ത് 26കാരനെ ആക്രമിക്കാനായി പേപ്പര്‍ കട്ടര്‍ കയ്യില്‍ കരുതിയിരുന്നു. ഇത് വച്ച് ശനിയാഴ്ച 14കാരന്‍ 26കാരനെ ആക്രമിക്കുകയായിരുന്നു.

26കാരന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് നല്‍കിയിരുന്നതായിരുന്നു. ഏതാനും ദിവസം മുന്‍പായിരുന്നു കെട്ടിടത്തില്‍ ആളൊഴിഞ്ഞത്. സക്കീര്‍ നഗറിലെ വീട്ടില്‍ കുടുംബത്തിനൊപ്പമായിരുന്നു യുവാവ് താമസിച്ചിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം