പ്രതി പെൺകുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് നിരന്തരം പീഡിപ്പിച്ചെന്ന് വിവരം

കൊച്ചി: എറണാകുളം കോതമംഗലത്ത് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെ പോക്സോ വകുപ്പില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഒൻപതിനാണ് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി മുറിക്കകത്ത് കയറി തൂങ്ങിമരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവേക് ബിനു പിടിയിലായത്. പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ ഒന്നര വര്‍ഷം മുമ്പ് പരിചയപെട്ട പെൺകുട്ടിയുമായി വിവേക് ബിനു അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് ഈ സൗഹൃദം ദുരുപയോഗം ചെയ്ത് പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു. 

ഇതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സംഘര്‍ഷമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. 18 വയസ് കഴിഞ്ഞ വിവേക് ബിനുവിന് പ്രത്യേക ജോലിയൊന്നുമില്ല. സ്കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിക്കാൻ വേണ്ടി സ്കൂളിന്‍റെ പരിസരങ്ങളില്‍ ഇയാള്‍ സ്ഥിരം കറങ്ങി നടക്കുന്നത് പതിവാണ്. വിവേക് ബിനുവിനെതിരെ ബലാത്സംഗം, ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്