പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് മരണം സഭവിച്ചതെന്നും ജീവനോടെയാണ് പെണ്‍കുട്ടിയെ കത്തിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്

ലക്നൗ: യുപിയില്‍ പതിനാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. മുസാഫിര്‍നഗര്‍ ജില്ലയിലാണ് സംഭവം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സഭവിച്ചതെന്നും ജീവനോടെയാണ് പെണ്‍കുട്ടിയെ കത്തിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.

കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുഖമില്ലാത്ത ഭാര്യയെ സന്ദര്‍ശിക്കാനായി താന്‍ ഭാര്യയുടെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നും ആ സമയത്ത് പെണ്‍കുട്ടിയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും പിതാവ് പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. 

പതിനാലുകാരിയായ പെണ്‍കുട്ടി ഇവരുടെ വീടിന് സമീപത്തുള്ള ഒരു ഇഷ്ടികച്ചൂളയില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇതിന്‍റെ ഉടമയാണ് പീഡിപ്പിച്ചവരില്‍ ഒരാള്‍. ഇഷ്ടികച്ചൂളയുടെ ഉടമ, അക്കൗണ്ടന്‍റ് എന്നിവരടക്കം ഏഴു പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.