മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായിട്ട് നൂറ്റിനാൽപ്പത് ദിവസം പിന്നിട്ടു. തമിഴ്നട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പൊലീസിന് യാതൊരു തുമ്പും കിട്ടിയില്ല

പാലക്കാട്: മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായിട്ട് നൂറ്റിനാൽപ്പത് ദിവസം പിന്നിട്ടു. തമിഴ്നട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പൊലീസിന് യാതൊരു തുമ്പും കിട്ടിയില്ല. അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി യുവാക്കളുടെ കുടുംബം രംഗത്തെത്തി.

കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് രാത്രിയാണ് ചപ്പക്കാട് നിന്നും സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്. പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് പാലക്കാട് എസ് പി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. 

പൊലീസ് നായ എത്തിച്ചുള്ള തെരച്ചിലിൽ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലയുള്ള തെങ്ങിൻ തോപ്പിലാണ് അവസാനമായി വന്ന് നിന്നത്. ഇതിനാൽ തെങ്ങിൻ തോപ്പിലും, സമീപത്തെ വന പ്രദേശത്തും ദിവസങ്ങളോളം തെരച്ചിൽ നടത്തി. 

ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും കിണറുകളിൽ മുങ്ങി പരിശോധിച്ചു. ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും വിവരങ്ങൾ ലഭിക്കാതായതോടെ പൊലീസ് അന്വേഷണം വഴിമുട്ടി. ഇതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി യുവാക്കളുടെ കുടുംബം രംഗത്തെത്തിയത്.