എറണാകുളം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. അങ്കമാലി, ആവോലി എന്നിവിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയിൽ നിന്നും വീട്ടിൽ ഒളിപ്പിച്ച 35 കിലോ കഞ്ചാവ് ആവോലിയിൽ നിന്നുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇടുക്കി സ്വദേശികൾ പിടിയിൽ.

പുലർച്ചെ രണ്ടു മണിയോടെ വാഹന പരിശോധനക്കിടെയാണ് അങ്കമാലിയിൽ കഞ്ചാവ് പിടികൂടിയത്. ഇടുക്കി വെള്ളത്തൂവൽ അരീയ്ക്കൽ വീട്ടിൽ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ ചെളികണ്ടത്തിൽ നിസാർ, തൊടുപുഴ ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൽ എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളിലായാണ് കഞ്ചാവുമായി സംഘം എത്തിയത്. 50 പാക്കറ്റുകളിലാക്കി കാറുകളുടെ ഡിക്കിയിലും പിൻസീറ്റിൻറെ അടിയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 

ആദ്യമെത്തിയ വാഹനത്തിൽ ചെറിയ അളവിലാണ് കഞ്ചാവുണ്ടായിരുന്നത്. ഇതു പരിശോധിക്കുന്നതിനിടെ എത്തിയ രണ്ടാമത്തെ വാഹനത്തിൽ നിന്നാണ് കൂടുതൽ കഞ്ചാവ് കണ്ടെത്തിയത്. വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് പിടിയിലായവർ മൊഴി നൽകിയത്. ഇടുക്കിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പിടികൂടിയത്. മൊത്ത വിതരണക്കാരായ ഇവർ മുന്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പിടിയിലായവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വാടക വീട്ടിൽ നിന്നും പതിനേഴ് പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തത്.