കാസര്‍കോട്: മഞ്ചേശ്വരത്ത് ബസിൽ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ കുഴൽപ്പണം എക്സൈസ് സംഘം പിടികൂടി. പണം കടത്തിയത് റിയൽ എസ്റ്റേറ്റ് മാഫിയ ആണെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയിലാണ് ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടിയത്. 

കണ്ണൂര്‍ ചെങ്ങളായി ചേരമൂലയിലെ മുഹമ്മദ് കുഞ്ഞിയില്‍ നിന്നുമാണ് കുഴല്‍ പണം പിടിച്ചെടുത്തത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വെച്ച്‌ കര്‍ണാടക ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ മംഗളൂരു കങ്കനാടിയില്‍ നിന്നും ഒരാള്‍ തളിപ്പറമ്പുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ അയ്യൂബിന് നൽകാനാണ് പണം കൊടുത്തയച്ചതെന്നാണ് ലഭിച്ച വിവരം.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ലഹരി ഗുളികകളും ഒന്നര ക്വിന്റലോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.