ചണ്ഡിഗഡ്: ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുന്നതിനിടെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടു. ബൈക്കിലെത്തിയ സംഘം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആയുധംകൊണ്ട് ആക്രമിക്കപ്പെട്ടിട്ടും പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പില്‍ മോഷണശ്രമം വിഫലമായി. 

പഞ്ചാബിലാണ് സംഭവം. ആക്രമണത്തിന്റെയും മോഷണശ്രമത്തിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 15കാരിയായ കുസുമകുമാരി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജലന്ദര്‍ - കപുര്‍ത്തല റോഡില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം. 

പെണ്‍കുട്ടിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.  ബൈക്കിലെത്തിയയാളെ പെണ്‍കുട്ടി വലിച്ചിട്ടതോടെ സമീപത്തുള്ളവര്‍ ഓടിയെത്തുകയും ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടുകയും ചെയ്തു.