എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്

മലപ്പുറം: വഴിക്കടവ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. 150 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർ എക്സൈസ് പിടിയിലായി. ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിൽ വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

പെട്രോൾ പമ്പിന്റെ ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് മോഷണം

കോഴിക്കോട് ഫറോക്കിൽ പെട്രോൾ പമ്പിൽ വൻ മോഷണം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയത്. 1,98,000 രൂപ മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പാലക്കാട് 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ 10 കോടി രൂപ വില മതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. അഞ്ചു കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി, കണ്ണൂ‍ർ സ്വദേശികൾ ആണ് പിടിയിൽ ആയത്. വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികൾ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇടുക്കി സ്വദേശി അനീഷ് കുര്യൻ, കണ്ണൂ‍ർ കേളകം സ്വദേശി ആൽബിൻ എന്നിവരാണ് ഹാഷിഷ് ഓയിൽ കേരളത്തിലേക്ക് കടത്തിയത്. പ്ലാറ്റ് ഫോമിൽ വച്ചാണ് ഇരുവരും പിടിയിൽ ആയത്. വിശാഖപട്ടണത്തു നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച് ഇവിടെ നിന്ന് വിമാനത്തിൽ മലേഷ്യയിലേക്കും മാലിദ്വീപിലേക്കും സിങ്കപ്പൂരിലേക്കും കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. ആർ പി എഫ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.