പ്രതിയുടെ വിവരങ്ങൾ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതിനാൽ ഇയാളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞതായാണ് പൊലീസ് അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്

കേപ് ടൌൺ: വിമാനത്താവളത്തിലെ ദേഹപരിശോധനയ്ക്കിടെ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം. വിശദമായ പരിശോധനയിൽ കണ്ടെത്തിയത് മാരക വിഷമുള്ള 150 ഓളം തേളുകൾ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വിമാനത്താവളത്തിലാണ് വസ്ത്രങ്ങൾക്കിടയിലും ലഗേജുകളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 150 ഓളം വിഷമേറിയ ജീവനുള്ള തേളുകളുമായി 28 കാരനായ യുവാവ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് ഈ യുവാവിനെ പൊലീസ് വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. 

പ്രതിയുടെ വിവരങ്ങൾ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതിനാൽ ഇയാളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞതായാണ് പൊലീസ് അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകളിൽ പ്രത്യേകമായി പൊതിഞ്ഞ നിലയിലായിരുന്നു ഈ തേളുകളെ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇയാൾ ഇവയെ ഏത് രാജ്യത്തേക്കാണ് കടത്താൻ ശ്രമിച്ചതെന്ന കാര്യം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത തേളുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് കൈമാറിയിരിക്കുകയാണ്. കൂടാതെ ഇവയുടെ അന്താരാഷ്ട്ര വിപണിയിലെ മൂല്യം എത്രയെന്ന് അധികൃതർ കണക്കാക്കി വരികയാണ്. 

വന്യജീവികളുടെ അനധികൃത കടത്ത് ദക്ഷിണാഫ്രിക്കയിൽ വലിയൊരു വെല്ലുവിളിയായി തുടരുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ സിംഹം, ആന, കാണ്ടാമൃഗം തുടങ്ങിയ വലിയ മൃഗങ്ങൾ മാത്രമല്ല, പാമ്പുകൾ, തേളുകൾ, ഈനാംപേച്ചികൾ തുടങ്ങിയ ജീവികളും വലിയ രീതിയിൽ കള്ളക്കടത്തിന് ഇരയാകുന്നുണ്ട്. ഇവയുടെ ശരീരഭാഗങ്ങൾക്കും വിഷത്തിനും അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ വലിയ വില ലഭിക്കുന്നതാണ് ഇത്തരം മാഫിയകൾ സജീവമാകാൻ കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം