അത്യാഢംബര വിഭാഗത്തില്‍പ്പെടുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് കാറാണ് ജീവനക്കാരെ കബളിപ്പിച്ച് 130 രൂപ ടോള്‍ നല്‍കാതെ പന്തീരാങ്കാവിൽ നിന്നും കടന്നു കളഞ്ഞത്.

കോഴിക്കോട്: 130 രൂപയുടെ ടോള്‍ നല്‍കാതെ ജീവനക്കാരെ വെട്ടിച്ച് കുതിച്ചു പാഞ്ഞത് ഒന്‍പത് കോടി രൂപ വില വരുന്ന ആഢംബര കാറുമായി എത്തിയ ആള്‍. രാമനാട്ടുകര-വെങ്ങളം ആറുവരിപ്പാതയിലെ പന്തീരാങ്കാവിലുള്ള ടോള്‍ പ്ലാസയിലാണ് കേട്ടവര്‍ മുഴുവന്‍ മൂക്കത്തുവിരല്‍ വച്ചുപോയ സംഭവം നടന്നത്. അത്യാഢംബര വിഭാഗത്തില്‍പ്പെടുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് കാറാണ് ജീവനക്കാരെ കബളിപ്പിച്ച് ടോള്‍ നല്‍കാതെ ഇവിടെ നിന്നും കടന്നു കളഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ നാലാം തിയ്യതി വൈകീട്ട് 3.35ഓടെയാണ് ടോള്‍ പ്ലാസയില്‍ കറുത്ത നിറത്തിലുള്ള റോള്‍സ് റോയ്സ് ഗോസ്റ്റ് കാര്‍ എത്തിയത്. എച്ച്ആര്‍ 72 കെ 7977 എന്ന ഹരിയാന റജിസ്‌ട്രേഷനുള്ളതായിരുന്നു ഈ വാഹനം. ഒന്നിനു പിറകേ ഒന്നായി കാറുകള്‍ അനേകം വന്ന തക്കത്തില്‍ ജീവനക്കാര്‍ ടോള്‍ ബാരിയര്‍ താഴ്ത്തുന്നതിന് മുന്‍പ് ഇയാള്‍ കാര്‍ വേഗത്തില്‍ എടുത്ത് കടന്നുകളയുകയായിരുന്നു. ഇയാള്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം പൊലീസിന് പരാതി നല്‍കുന്നതിന് പകരം ഈ 'കോടീശ്വരനായ ദരിദ്രനെ' കണ്ടെത്താന്‍ ടോള്‍ പ്ലാസ അധികൃതര്‍ കാര്‍ കമ്പനിക്ക് തന്നെ പരാതി നല്‍കിയിരിക്കുകയാണ്.

പരാതി ലഭിച്ചതായി കാണിച്ച് റോള്‍സ് റോയ്‌സ് ഇന്ത്യയുടെ പേരില്‍ മറുപടി ലഭിച്ചിട്ടുണ്ട്. അതേസമയം ഇതിന് മുന്‍പും ലക്ഷങ്ങള്‍ വിലവരുന്ന കാറുടമകള്‍ സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഹരിയാന രജിസ്‌ട്രേഷനിലുള്ള ഒരു ഫോര്‍ച്ച്യൂണര്‍ കാര്‍ പലതവണ ടോള്‍ കൊടുക്കാതെ വെട്ടിച്ചു കടന്നിട്ടുണ്ടെന്നും ഒരുതവണ ജീവനക്കാരിക്ക് നേരെ പാഞ്ഞടുത്തതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം