വാഹനപരിശോധനയ്ക്കിടെ കല്‍മണ്ഡമപത്തിനടുത്ത് ആകാശും രണ്ട് സുഹൃത്തുക്കളും മോട്ടോര്‍ സൈക്കിളില്‍ പോവുന്നത് കണ്ട് പൊലീസ് തടഞ്ഞിരുന്നു

പാലക്കാട്: കല്‍മണ്ഡപത്തില്‍ ബൈക്ക് പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഭയന്നോടിയ പതിനാറുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ചിറയ്ക്കാട് സ്വദേശി ആകാശാണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചതാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. ചിറക്കാട് മാരിയമ്മന്‍കോവിലിനടുത്ത് കനാല്‍പുറമ്പോക്കില്‍ താമസിക്കുന്ന കുമാറിന്റെ മകന്‍ ആകാശാണ് തൂങ്ങിമരിച്ചത്. 

ഇന്നലെ അര്‍ദ്ധരാത്രിയില്‍ വാഹനപരിശോധനയ്ക്കിടെ കല്‍മണ്ഡമപത്തിനടുത്ത് ആകാശും രണ്ട് സുഹൃത്തുക്കളും മോട്ടോര്‍ സൈക്കിളില്‍ പോവുന്നത് കണ്ട് പൊലീസ് തടഞ്ഞു. പിറകിലിരുന്ന ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടികൂടിയ ആകാശിന്റെ സുഹൃത്തുക്കള്‍ക്കും പതിനെട്ടില്‍ താഴെയാണ് പ്രായം. 

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആകാശിനെ കണ്ടെത്തിയത്. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചാണെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശികളായ കുമാറും കുടുംബവും കാലങ്ങളായി ചിറയ്ക്കാടാണ് താമസിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ആകാശിന്റെ അടുത്ത ബന്ധുവാണ്.